കായംകുളം താലൂക്ക് ആശുപത്രിക്ക് ഏഴുനില കെട്ടിടം
കായംകുളം താലൂക്കാശുപത്രി വികസനത്തിന് 64.71 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. 2,12,631 ചതുരശ്ര അടിയിൽ ഏഴ് നിലകളുള്ള കെട്ടിട സമുച്ചയത്തിൽ 325 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടാകും. മേജർ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്, ലബോറട്ടറി, 24 മണിക്കൂർ അത്യാഹിത വിഭാഗം, എക്‌സ് റേ, സിടി സ്‌കാൻ യൂണിറ്റ്, ഐപി വാർഡ് എന്നിവ സജ്ജമാക്കും.
20 ഡയാലിസിസ് യൂണിറ്റ്, 22 കിടക്കയുള്ള ഡേ കെയർ കീമോ തെറാപ്പി, ഓപറേഷൻ തീയറ്റർ, തീവ്രപരിചരണ യൂണിറ്റ്, 16 പേ വാർഡ്, സെമിനാർ-കോൺഫറൻസ് ഹാൾ, വിശ്രമ മുറികൾ, വിഐപി ലോഞ്ച്, ലിഫ്റ്റ്, ലാൻഡ് സ്‌കേപ്പിങ്, അത്യാധുനിക ഉപകരണങ്ങൾ എന്നിവ ഒരുക്കും. കേരള ഹൗസിങ് ബോർഡ് കോർപറേഷനാണ് നിർവഹണ ഏജൻസി. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.