Latest Post

 

കർക്കിടകം ഒന്ന്. ഇത്തവണ മഹാമാരിക്കാലം .. വിശ്വാസികൾക്കും അല്ലാത്തവർക്കും രാമായണ പാരായണം നടത്താൻ കഴിയുന്ന സമയം.. കർക്കിടകം രോഗങ്ങളുടെയും കാലമാണ്. പണ്ടൊക്കെ കർക്കിടകത്തെ പഞ്ഞമാസം എന്നാണ് പറയുക. ഇപ്പോ പൊതുവേ കൊറോണ കാലം എല്ലാ മാസവും പഞ്ഞമുള്ളതാണ്. കാരണം നിത്യേനയുള്ള തൊഴിൽ നഷ്ടപ്പെട്ടവർ വാടക കൊടുക്കാൻ കഴിയാത്തവർ, വായ്പ എടുത്തത് തിരികെ കൊടുക്കാൻ ആകാത്തവർ, മക്കളെ ഉന്നത വിദ്യാഭ്യാസത്തിനയക്കാൻ വായ്പ നോക്കിയിരുന്ന് ലഭിക്കാതെ പോകുന്നവർ, വിദ്യാലയ അന്തരീക്ഷം നഷ്ടമായ കുഞ്ഞുങ്ങൾ, അമ്പലങ്ങളിലും പള്ളികളിലും സായാഹ്ന ഇടങ്ങളിലും വെടിവട്ടവുമായി കൂടിയിരുന്ന എന്നാൽ ഇന്ന് രോഗത്തെ ഭയന്ന് പുറത്ത് ഇറങ്ങാൻ കഴിയാതെ പോകുന്നു വാർദ്ധക്യങ്ങൾ , അതെ ചുറ്റും സങ്കടങ്ങൾ ഉണ്ട്. എങ്കിലും നമ്മുടെ ഗവൺമെന്റ് നാടിനെ പട്ടിണിയിൽ നിന്നും രോഗത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. കഠിന പരിശ്രമം നടത്തുന്നുണ്ട്..

അതീവ ജാഗ്രതയോടെ ഈ കാലത്തെ ഒന്നിച്ച് അതിജീവിക്കാം. മഴയും തണപ്പും കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളെ വിളിച്ചു വരുത്താതെ നോക്കണം. മനസ്സും ശരീരവും ശാന്തമാകട്ടെ.. അദ്ധ്വാത്മ രാമായണം അച്ഛൻ വായിക്കുമ്പോൾ കൂടെ ഇരുന്ന് കേൾക്കുമായിരുന്നു.. സമയം കിട്ടുന്ന മുറക്ക് വായിക്കും. ഏവർക്കും നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥന ആയാലും പ്രവർത്തനങ്ങൾ ആയാലും ലോകത്തിന് നന്മ മാത്രം വരട്ടെ. നല്ല ചിന്തകൾ എല്ലാവരിലും ഉണ്ടാകട്ടെ..

പ്രിയരേ,
            എന്റെ മകനെ പോലെ തന്നെയാണ് ഓരോ മക്കളോടും എനിക്കിഷ്ടം.. ഇത് 100% വിശ്വസിക്കാം വായിക്കുന്നവർക്ക്. ഇതിപ്പോൾ ഇവിടെ പറയാൻ കാരണം  എന്താണെന്നോ,, എന്റെ കുട്ടിക്കാലം  പോലെയല്ല ഇവരുടെ കുട്ടിക്കാലം.. ഒരു പെൻസിൽ അല്ലെങ്കിൽ പേന വേണമെങ്കിൽ അന്നൊക്കെ  ഒരാഴ്ച എടുക്കും അതിനുള്ള പൈസ അമ്മയോട് ചോദിക്കാൻ .. സർക്കാർ ജീവനക്കാരായിരുന്നു അച്ഛനമ്മമാർ എന്നതിനാൽ എണ്ണി ചുട്ട അപ്പം പോലെയുള്ള ശമ്പളവും അനന്തര ജീവിതവും ഞങ്ങൾ 4 മക്കളും.. ഇപ്പോഴത്തെ ബഹുഭൂരിപക്ഷം കുട്ടികൾക്കും വീട്ടിലെ സാഹചര്യങ്ങൾ പൂർണ്ണമായി അറിയില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ല.. അതുകൊണ്ട് തന്നെ പെൻസിലിന്റെ ആവശ്യത്തിൽ നിന്ന് BMW അവരുടെ സ്വപ്നത്തിൽ വന്നു. അവരുടെ കുറ്റമല്ല.. സാഹചര്യങ്ങൾ അവരെ എത്തിക്കുന്നതാണ്.
              പൈസ അനാവശ്യമായി  ചെലവഴിച്ച് ശീലമില്ല.. ഇല്ലാത്തതു കൊണ്ട് തന്നെ.പലപ്പോഴും Gift കൾ പോലും വില കൂടിയവ വേണ്ടപ്പെട്ടവർക്കുപോലും കൊടുക്കുവാനും കഴിയാറില്ല. കാരണം സമ്പാദ്യങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ.. അച്ഛനമ്മമാർ ഇപ്പോൾ പെൻഷണേഴ്സ് ആണ്. 3 സഹോദരങ്ങൾ ഉണ്ട് . എല്ലാവരെയും അത്യാവശ്യം നന്നായി പഠിപ്പിച്ചു. നാട്ടിൽ ആർക്കും ജോലിയില്ല. 3 പേരും കേരളത്തിന് പുറത്ത് ജീവിക്കുന്നു.
                 മറ്റുള്ളവരുടെ സങ്കടങ്ങൾ ഒരുപാട് കാണുന്നവർ  ആരാണെന്ന് ചോദിച്ചാൽ നിസംശയം ഞാൻ പറയും.. ജനപ്രതിനിധികൾ തന്നെയാണെന്ന്.. ഇത്രയും പ്രയാസമേറിയതും വേദന നിറഞ്ഞതുമായ ഒരു സാമൂഹ്യ യാഥാർത്ഥ്യത്തിലൂടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു പക്ഷേ ഒരു 65 വയസ്സു വരെ എങ്കിലും ഉള്ള ഒരാളും  കടന്നുപോയിട്ടുണ്ടാവില്ല. (ഒരു പാട് പ്രായമുള്ളവർ ഉണ്ടാകാം. ) ചരിത്രം വായിച്ചറിഞ്ഞ അനുഭവങ്ങൾ ആണല്ലോ
 നമ്മൾക്ക്  ഒക്കെ ഉള്ളത്.
      വീട്ടുവാടക  കൊടുക്കാൻ ഇല്ലാത്തവർ, ഫീസ് കെട്ടാൻ നിവൃത്തി ഇല്ലാത്തവർ, ജോലി നഷ്ടമായതിനാൽ വാഹന വായ്പ തിരിച്ചടക്കാൻ കഴിയാത്ത ചെറുപ്പക്കാർ, വീട്ടിലെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരെ അറിയിയ്ക്കാൻ മടി ഉള്ളവർ, Tv ഇല്ലാത്തവർ, ഫോൺ ഇല്ലാത്തവർ (ഓൺലൈൻ ക്ലാസ്സ് വന്നപ്പോൾ ആണ് ഇത്രയും കടുത്ത യാഥാർത്ഥ്യങ്ങൾ
 ഓരോരുത്തർക്കും ബോധ്യപ്പെട്ടത്.)
              ദാരിദ്യം കൊറോണ ക്കുശേഷം കൂടുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ പട്ടിണി ഉണ്ടാകാതിരിക്കാൻ  നമ്മുടെ ഗവൺമെന്റ് ബദൽ മാർഗ്ഗം കൃഷിയിലൂടെ പ്രോൽസാഹിപ്പിക്കുന്നു. (സുഭിക്ഷ കേരളം). എല്ലാവരും പങ്കാളികളാകുക.. കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിൽ വേണ്ടതൊക്കെ ഗവൺമെന്റ് നൽകും.🌱 ഓരോ ജനപ്രതിനിധിയും ഞങ്ങളെ കൊണ്ട് ആവുന്നതൊക്കെ ഇടപെടും ചെയ്യും..
                  ആരുടെയും പട്ടിണിയോ ദാരിദ്യമോ മാർക്കറ്റ് ചെയ്യുന്ന ജനപ്രതിനിധി അല്ല ഞാൻ ..എന്റെ പ്രസ്ഥാനം എന്നെ അങ്ങനെയല്ല പഠിപ്പിച്ചത്..  ഒരിക്കൽ ഒരു സംഘടനയുടെ പരിപാടിക്ക് ചെന്നപ്പോൾ നിർദ്ധനരായ കുട്ടികൾക്ക് ഉള്ള സഹായം എന്ന് കണ്ടു. ഇപ്പോഴല്ല ,7 വർഷം മുൻപ്. അന്ന് സംഘാടകരോട് കർശനമായി പറഞ്ഞു  നിർദ്ധനരായ വിദ്യാർത്ഥികൾ എന്ന് നോട്ടീസിൽ വെയ്ക്കരുത്.. പ്രദേശത്തുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ 
വിതരണം എന്നാക്കണം എന്ന് ... അവര് പിന്നീട് അത് ചെയ്യുകയും  ചെയ്തു.
       Online ക്ലാസ്സുകൾ തുടങ്ങിയപ്പോൾ എനിക്കു വരുന്ന ഫോൺ കാളുകളിൽ അല്പമെങ്കിലും മറ്റൊരാളെ സഹായിക്കാൻ കഴിയുന്ന ആളാണെങ്കിൽ ഒരു TV വാങ്ങി തരുമോ എന്ന് ചോദിച്ചാണ് എന്റെ ഫോൺകാൾ അവസാനിക്കുന്നത്. അനാഥാലയങ്ങൾക്ക് Poor Boys Home എന്ന് എഴുതി വെച്ചതിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഞാൻ കലഹിച്ചതു എന്നെ അറിയാവുന്നവർക്ക് ഓർത്തെടുക്കാൻ പറ്റും. Noble Boys Home എന്നാക്കണം എന്നാണ് ഞാൻ നിർദ്ദേശിച്ചത്..
           അതുകൊണ്ട് വീണ്ടും പറയുകയാണ് മറ്റുള്ളവരുടെ ദാരിദ്യം മാർക്കറ്റ് ചെയ്യുന്നതിന് പൊതുപ്രവർത്തനം ഉപയോഗിക്കില്ല. കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹ സമ്മാനമായി ഒരു ജന്മദിന സമ്മാനം പോലെ മാത്രമാണ് സുമനസ്സുകൾ നൽകുന്ന TV Tab ഒക്കെ നൽകുന്നത്. അതിന് ഒരു അപകർഷതാ ബോധവും വാങ്ങുന്നവരിൽ കണ്ടിട്ടുമില്ല.. നിർദ്ധന ർക്കായല്ല നമ്മൾ നൽകുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാ .. തങ്ങളുടെ സമ്പാദ്യം Tv വാങ്ങാൻ സമ്പാദ്യ കുടുക്കയിലെ പണം സ്പോൺസർ ചെയ്ത എന്റെ സെക്രട്ടറി ആയ സഖാവ് വിദ്യാസാഗറിന്റെ മക്കൾ സച്ചുവിനും കിച്ചുവിനും അടക്കം എല്ലാവരോടും സ്നേഹം♥️♥️♥️♥️
          Smart Phone വേണമെന്ന മോന്റെ ആവശ്യം മോന് 18 വയസ്സാകാതെ നിറവേറ്റില്ല എന്ന് പറഞ്ഞ കണ്ണിൽ ചോരയില്ലാത്ത ഒരു അമ്മയുടെ കുറിപ്പ്😜...

ഇന്ന് വന്ന ഒരു ഫോൺകാൾ ആണ് ഈ പോസ്റ്റ് എഴുതാൻ കാരണം.. രാവിലെ ഒരു പെൺകുട്ടി വിളിച്ചു. വിദേശത്തുള്ള കുട്ടിയുടെ കസിനെ പറ്റിയാണ് പറഞ്ഞത്.. ലീവിന് വരാനിരുന്നതാണ്. അപ്പോഴാണ് അപ്രതിക്ഷിതമായ ഒരു മഹാമാരി നമ്മുടെ ലോകഗതിയെ തന്നെ മാറ്റിമറിക്കുന്നത്. അങനെ ദുബായ് അജ്മാൻ ജോലി ചെയ്യുന്ന ഈ പയ്യനുംപെട്ടെന്ന് വരാൻ കഴിയുന്നില്ല. പെൺകുട്ടി വളരെ സങ്കടത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. പക്ഷേ എന്നെ സങ്കടപ്പെടുത്തിയ കാര്യം അതൊന്നുമല്ല. തന്റെ 21-ാമത്തെ വയസ്സിൽ പോയ യുവാവിന് ഇപ്പോൾ വയസ്സ് 23.. വളരെ ചെറുപ്പം.. നിറയെ സ്വപ്നങ്ങളുമായാണല്ലോ ഓരോ ചെറുപ്പക്കാരും ഈ മണലാരണ്യത്തിലേക്ക് പോകുന്നത്.. പെൺകുട്ടി എന്നോട് പറഞ്ഞത്  തിരിച്ചു നാട് കാണാൻ കഴിയുമോ എന്നുള്ള ഉള്ള 23 കാരന്റെ മനോവിഷമത്തെക്കുറിച്ചാണ് ..
                       നാട്ടിൽ ജീവിക്കുന്ന ഞങ്ങൾക്കെല്ലാം പ്രവാസ ലോകത്തെ സഹോദരൻമാരെ ക്കുറിച്ച് വേദന ഉണ്ട്..കാരണം നാട്ടിൽ ജീവിക്കുന്നവരുടെ ജീവിതം സുഗന്ധമുള്ള താവാൻ  ഓരോ പ്രവാസിയും അനുഭവിക്കുന്ന കഷ്ടപ്പാട് ഞങ്ങൾക്കറിയാം. അടുത്തയിടെ ഗുരുവായൂർ എം എൽ എ സഖാവ് അബ്ദുൾ ഖാദർ എഴുതിയ ഒരു പുസ്തകം ഞാൻ വായിച്ചു.. തന്റെ 18-ാമത്തെ വയസ്സിൽ ഗൾഫിലേക്ക് പോയ അദ്ദേഹം ആദ്യ കാലങ്ങളിൽ അനുഭവിച്ച യാതനകൾ നമ്മൾ ചിന്തിക്കുന്നതിനും ഒക്കെ അപ്പുറത്തായിരുന്നു.. 18 വയസ്സുകാരൻ അതിരാവിലെ ജോലിക്കു പോകുന്നതും തണുപ്പ് സഹിക്കാനാകാതെ കാർട്ടണിൽ ഒളിച്ചിരുന്നതും വായിച്ച്  എന്റെകണ്ണു നിറഞ്ഞൊഴുകിയതും ഞാൻ ഓർക്കുന്നു..
                  നാട്ടിൽ തങ്ങളെക്കൊണ്ട് കഴിയുന്ന രൂപത്തിൽ ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രവാസികൾ ആയിട്ടുള്ള സഹോദരന്മാർ മുന്നിലാണ്. എന്റെ അനുഭവത്തിൽ തന്നെ കായംകുളത്ത് കായംകുളം NRI യുഎഇ ചാപ്റ്റർ  ജോൺ മത്തായിയുടെ നേതൃത്വത്തിൽ അടുത്തയിടെ രണ്ടു വീടുകളാണ്   നിർമിച്ചു നൽകിയത് അത് അതുപോലെ തന്നെ  ബഹറിൻ മലയാളി സമാജം  ശ്രീ രാധാകൃഷ്ണപിള്ളയുടെ  നേതൃത്വത്തിൽ പത്തിയൂരും ഒരു  വീട് നിർമ്മിച്ചു നൽകുകയുണ്ടായി.. Covid 19 ഇത്ര രൂക്ഷമാകുന്നതിന് തൊട്ടുമുൻപ് കായംകുളത്ത് അപകടത്തെത്തുടർന്ന് ഭാരിച്ച ചികിത്സാചെലവ് താങ്ങാൻ കഴിയാതെ വന്ന കുടുംബത്തിന് .കായംകുളം എൻആർഐ ചാപ്റ്റർ ഈ പ്രതികൂല സമയത്തും സഹായം നൽകി..
              ഇങ്ങനെ  നാടിൻറെ  പല ആവശ്യങ്ങളിലും പ്രവാസികളായ സഹോദരൻമാരുടെ  സഹായം ഉണ്ടാകുന്നു.. ധൈര്യമായി തന്നെ ഈ പ്രതികൂല അവസ്ഥയെ നേരിടാൻ പ്രവാസ ലോകത്തിന് കഴിയട്ടെ .. ഇത് പറയുമ്പോഴും എഴുതുമ്പോഴും നിങ്ങളുടെ മനസ്സിന്റെ വേദന അറിയാതിരിക്കുന്നില്ല. നാടിന്റെ ഊഷ്മളതയിലേക്ക് നമ്മളെല്ലാം ഒത്തുചേരും .തീർച്ച... ധൈര്യമായിരിക്കണം.. ഞങ്ങളെല്ലാം ഒപ്പമുണ്ട്.
       
 "ഏതു വിഷയങ്ങളും കേള്‍ക്കാനും സാധ്യമായ ഇടപെടലുകള്‍ നടത്താനും നോര്‍ക്കയും സര്‍ക്കാരും സദാ ജാഗരൂകരായി നില്‍ക്കുന്നുണ്ട എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ ഉറപ്പു നൽകിയിട്ടുണ്ട്... പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയുള്ള സർക്കാർ ആണ് ഇന്ന് കേരളത്തിൽ "

കൊവിഡ് 19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവര്‍ പ്രവാസികള്‍ക്കായി ആശ്വാസ സഹായങ്ങള്‍ നല്‍കും. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷനു പുറമെ ഒറ്റതവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കും. ഏകദേശം 15,000 പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. ക്ഷേമനിധിയില്‍ അംഗങ്ങളായ, കൊവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. ക്ഷേമനിധി ബോര്‍ഡിന്‍റെ തനത് ഫണ്ടില്‍ നിന്നുമാണ് സഹായങ്ങള്‍ നല്‍കുക.
   
2020 ജനുവരില്‍ ഒന്നിനു ശേഷം വാലിഡ് പാസ്പോര്‍ട്ട്, ജോബ് വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ലോക്ക്ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും  5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. സാന്ത്വന പദ്ധതിയിലെ രോഗങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 ഉള്‍പ്പെടുത്തി, കൊവിഡ് പോസ്റ്റിവായതും എന്നാല്‍, ക്ഷേമനിധി സഹായം ലഭ്യമാകാത്തവരുമായ പ്രവാസികള്‍ക്ക് 10,000 രൂപ സഹായം നല്‍കും..
    
      "  Stay safe stay healthy Keep social distancing           
               നാം ഈ കാലത്തെ അതിജീവിക്കുക     
                               തന്നെ ചെയ്യും💪💪💪💪 "

സമൂഹ മാധ്യമങ്ങൾ ഇന്ന് ഏറെ ചർച്ച ചെയ്ത ചെറിയ മകൻ ക്വാഡന്റെ വേദനയാണിത്.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ ഇത് കാണുവാൻ കഴിയൂ.. ഇത് വിദേശത്താണ് നടന്നതെങ്കിലും നമ്മൾ അറിഞ്ഞും അറിയാതെയും എല്ലായിടവും ഇത് നടക്കുന്നുണ്ട്.. പ്രപഞ്ച സൃഷ്ടിയിൽ പലതരം വ്യത്യസ്തതകൾ ഉണ്ട്. ജനിതക ഘടനയിലും വൈജാത്യങ്ങൾ ഏറെ  ഉണ്ടാകാം.. ഒന്നിനെയും വേദനിപ്പിച്ച് പരിഹസിക്കാൻ ആർക്കും അവകാശമില്ല.. ബോഡി ഷെയിമിങ്ങിന് ആരേയും വിധേയരാക്കേണ്ടതും ഇല്ല..
                  വിദ്യാലയങ്ങളിൽ പലതരം പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾ ആണ് വരുന്നത്.. സ്വന്തം കുഞ്ഞിനെ പാറക്കെട്ടിൽ അടിച്ചു കൊല്ലാൻ മടിയില്ലാത്ത അമ്മയുടെ കഥ ഞെട്ടലോടെ അറിഞ്ഞ നമ്മൾ അറിയേണ്ടതാണ് ഗർഭാവസ്ഥയിലും മുലയൂട്ടുമ്പോഴും നമ്മുടെ ചിന്ത കുഞ്ഞിലേക്കും സ്വാധീനം ചെലുത്തും.. അല്ലാത്ത കേസും വരാം.. സാഹചര്യങ്ങൾ ഒരളവ് വരെ വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്..അതുകൊണ്ട് നമ്മൾക്ക് നമ്മളുടെ മക്കൾക്ക് പാഠപുസ്തകങ്ങളോടൊപ്പം നന്മയുടെയും സ്നേഹത്തിന്റെയും കൂടി പാത തുറന്നു കൊടുക്കാം..
            കൂടെയുള്ളവർ മറ്റുള്ളവരുടെ കാഴ്ചയിൽ കുറവുകൾ ഉള്ളവർ അവരെയും ഒപ്പം ചേർക്കാം.. ചേർത്തു നിർത്താം...
                       കുഞ്ഞ് ക്വാഡന് 9 വയസ്സേ ആയിട്ടുള്ളൂ.. മറ്റുള്ള കുട്ടികൾ എത്ര പരിഹസിച്ചിട്ടാവാം എന്നെ കൊന്നു തരൂ അമ്മേ എന്ന് ആ കുഞ്ഞ് ഹൃദയം പൊട്ടി കരഞ്ഞു പറഞ്ഞത്..നമ്മളാരും പരിപൂർണ്ണരല്ല, അമാനുഷികരുമല്ല.. കുറവുകൾ ഉണ്ട് എല്ലാവർക്കും ..അത് തിരിച്ചറിഞ്ഞ് മറ്റുള്ള കുട്ടികൾ , അല്ല മുതിർന്നവർ ആരാണെങ്കിലും അവരെ വേദനിപ്പിച്ച് പരിഹസിക്കാതെ ബോഡി ഷെയിമിങ്ങിന് വിധേയരാക്കാതെ കൂടെ ചേർത്തു നിർത്താം.
                           ചിലപ്പോൾ നമ്മൾക്ക് അവർക്ക് ഒന്നും നൽകാൻ കഴിയില്ലായിരിക്കാം. പക്ഷേ ആത്മവിശ്വാസം കൊടുക്കാൻ കഴിയും.. പരിഷ്ക്കാരികൾ എന്ന് അവകാശപ്പെടുന്നവരുടെ തന്നെ ചില സ്വഭാവങ്ങൾ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.. രോഗപീഢയാൽ ക്ഷീണിതരായി കഴിയുന്നവരെ സന്ദർശിക്കുമ്പോ നിങ്ങൾക്ക് ഇപ്പോ നല്ല മാറ്റമുണ്ട്.. മിടുക്കനായിരിക്കുന്നല്ലോ, മിടുക്കി ആയിരിക്കുന്നല്ലോ എന്ന് നമ്മൾക്ക് പറയാമല്ലോ. മറിച്ച് രോഗബാധിതരെ കണ്ടാൽ ക്ഷീണിച്ച് മരിക്കാറായല്ലോ എന്ന് . പറയുന്നവരെയും എനിക്കറിയാം.. അതെ നമ്മുടെ ഒരു വാക്കും ആരുടെയും ജീവനെടുക്കാതിരിക്കട്ടെ .. നമ്മൾക്കും മറ്റുള്ളവരുടെ ആത്മവിശ്വാസത്തിനായ് അണിചേരാം..
                       കുഞ്ഞ് മകൻ ക്വാഡനോടും അമ്മയോടും നിങ്ങളെ പരിഹസിച്ചവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.. ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും പുതിയ തലമുറ ശീലമാക്കാതിരിക്കാൻ ക്വാഡന്റെ പ്രശ്നം വഴിവെക്കട്ടെ.. ഇങ്ങ് കൊച്ചു കേരളത്തിൽ ഞങ്ങൾ ഭിന്നശേഷിക്കാരെ ഒപ്പം നിർത്താൻ ശ്രമിക്കുന്നുണ്ട്. പരമാവധി..
                    "ക്വാഡൻ  ഈ കൊച്ചു കേരളത്തിൽ നിന്നും നീ ഒരു പാട് അകലെയാണ് മകനെ ..എങ്കിലും കാണാമറയത്ത് നിന്നും കെട്ടിപിടിച്ച് നിനക്ക് ഒരായിരം ഉമ്മ .."

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.